കഴിഞ്ഞ ഒരു ശതാബ്ദക്കാലമായി മലയാളികളുടെ സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറിയ അതുല്യമായ ഒരു ഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി വിരചിച്ച“ഐതിഹ്യമാല”. ലോകസാഹിത്യത്തില്‍ ആയിരത്തൊന്നു രാവുകള്‍ക്കും, ഈസോപ്പ് കഥകള്‍ക്കും ഉള്ളതും, ഭാരതീയസാഹിത്യത്തില്‍ പഞ്ചതന്ത്രത്തിനും, കഥാസരിത്‍സാഗരത്തിനുള്ള അതേ സ്ഥാനമാണ് മലയാളസാഹിത്യത്തില്‍ ഈ ഗ്രന്ഥത്തിനുള്ളത്. ചെമ്പകശേരി രാജാവ് മുതല്‍ തിരുവട്ടാറ്റാദികേശവന്‍ വരെ 126 ഐതിഹ്യങ്ങളാണ് ഇതിലെ ഉള്ളടക്കം. മലയാളികള്‍ നിരവധി തലമുറകളായി കൈമാറുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള ഈ കൃതിയുടെ ജനപ്രിയതയ്ക്ക് ഇന്നും അല്പവും കുറവ് വന്നിട്ടില്ല എന്നത് ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു.
യൂറോപ്യന്മാര്‍ വരുന്നതിനു മുമ്പുള്ള കേരളത്തിലെ ജനജീവിതത്തിന്റെ ഒരു സജീവമായ ചിത്രം ഈ കഥകളില്‍ നമുക്കു കാണുവാന്‍ സാധിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍, ജാതിവ്യവസ്ഥ, ആരാധനാസമ്പ്രദായങ്ങള്‍, ഉത്സവങ്ങള്‍, രാജാക്കന്മാര്‍, ബ്രാഹ്മണശ്രേഷ്ഠന്മാര്‍, വീരനായകന്മാര്‍, നാട്ടുപ്രമാണിമാര്‍, പണ്ഡിതന്മാര്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍, യക്ഷികള്‍, ഭൂതപ്രേതങ്ങള്‍, ഗജവീരന്മാര്‍ എന്നുവേണ്ടാ ജനജീവിതത്തിലെ എല്ലാത്തിനെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെയും രംഗങ്ങളെയും അത്യന്തം അതിശയോക്തിയോടെയും ആകര്‍ഷണീയമായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍, മധ്യകാലീന കേരളത്തിലെ സാംസ്കാരികജീവിതത്തിന്റെ ഒരു സമഗ്രവും, അത്യാശ്ചര്യകരവും അതേസമയം ആസ്വാദ്യകരവുമായ കഥാരൂപത്തിലുള്ള ഒരു വിവരണമാണ് ഐതിഹ്യമാല എന്നു പറയാം. അതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയും. ഇതിലെ കഥകള്‍ വായിച്ചറിയാനുള്ള അവസരം ഈ തലമുറയിലെയും വരും തലമുറയിലെയും എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐതിഹ്യമാല എന്ന ഗ്രന്ഥത്തെ ഡിജിറ്റൈസ് ചെയ്യുവാനുള്ള ഈ പ്രോജക്ട് ആരംഭിച്ചത്.
ഐതിഹ്യമാലയിലെ 126 കഥകള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ 21 കഥകള്‍ വീതമുള്ള 6 ഭാഗങ്ങളിലായി ഐതിഹ്യമാല പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ആദ്യത്തെ 21 കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗം ഇന്ന് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. ഈ സംരംഭത്തിന് സഹായസഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്കരോടും, ഐതിഹ്യമാലയുടെ ഒന്നാം ഭാഗം ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ അംഗങ്ങളും എന്റെ സുഹൃത്തുക്കളുമായ രാമചന്ദ്രന്‍, രാജ്മോഹന്‍, ആശാകിരണ്‍, സുഗേഷ് ആചാരി, രമേശ് നടരാജന്‍, പ്രവീണ്‍ എന്നിവരോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഐതിഹ്യമാല ഒന്നാം ഭാഗം – ഉള്ളടക്കം
1 ചെമ്പകശ്ശേരി രാജാവ്
2 കോട്ടയത്തു രാജാവ്
3 മഹാഭാഷ്യം
4 ഭര്‍ത്തൃഹരി
5 അദ്ധ്യാത്മരാമായണം
6 പറയി പെറ്റ പന്തിരുകുലം
7 തലക്കുളത്തു ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും
8 വില്വമംഗലത്തു സ്വാമിയാര്‍ 1
9 കാക്കശ്ശേരി ഭട്ടതിരി
10 മുട്ടസ്സു നമ്പൂരി
11 പുളിയാമ്പിള്ളി നമ്പൂരി
12 കല്ലന്താറ്റില്‍ ഗുരുക്കള്‍
13 കോലത്തിരിയും സാമൂതിരിയും
14 പാണ്ടമ്പുറത്തു കോടന്‍ഭരണിയിലെ ഉപ്പുമാങ്ങ
15 മംഗലപ്പിള്ളി മൂത്തതും പുന്നയില്‍ പണിക്കരും
16 കാലടിയില്‍ ഭട്ടതിരി
17 വെണ്‍മണി നമ്പൂതിരിപ്പാടന്മാര്‍
18 കുഞ്ചമണ്‍ പോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും
19 വയക്കരെ അച്ഛന്‍ മൂസ്സ്
20 കോഴിക്കോട്ടങ്ങാടി
21 കിടങ്ങൂര്‍ കണ്ടങ്കോരന്‍
No comments:
Post a Comment